വാര്‍ഷിക പദ്ധതി

 

സാമ്പത്തിക വർഷം : 2026–27

പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിന്റെ 2025–26 വാര്‍ഷിക പദ്ധതി ഗ്രാമത്തിന്റെ സമഗ്ര വികസനവും ജനങ്ങളുടെ ജീവിത നിലവാര മെച്ചപ്പെടുത്തലും ലക്ഷ്യമാക്കി തയ്യാറാക്കിയതാണ്. കാര്‍ഷിക വികസനം, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ-വിദ്യാഭ്യാസ പുരോഗതി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

1. ഉൽപാദന മേഖല വികസനം

ഗ്രാമത്തിലെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പച്ചക്കറി, വാഴ, കിഴങ്ങ് കൃഷി വികസന പദ്ധതികൾ നടപ്പിലാക്കും. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി കറവപ്പശു വിതരണം, പാലുത്പാദന പ്രോത്സാഹന പദ്ധതികൾ എന്നിവ നടപ്പാക്കും. വനിതകൾക്കായി സ്വയംതൊഴിൽ ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

2. സേവന-ക്ഷേമ മേഖല

എല്ലാവർക്കും സുരക്ഷിതമായ വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭവനപദ്ധതികൾ നടപ്പിലാക്കും. വയോജനങ്ങളുടെ ക്ഷേമത്തിനായി വയോജന ക്ലബ്ബുകൾ രൂപീകരിക്കുകയും ആരോഗ്യ-സാമൂഹിക പിന്തുണാ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. കുട്ടികളിലെ സർഗശേഷി വളർത്തുന്നതിനുള്ള കലാ-സാംസ്കാരിക പരിശീലനങ്ങൾ നടപ്പിലാക്കും. സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ച് യുവതലമുറയിൽ സാമൂഹിക ഉത്തരവാദിത്വം വളർത്തും.

സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, നിരാലംബരായ രോഗികൾ എന്നിവർക്കായി പ്രത്യേക ക്ഷേമപദ്ധതികൾ നടപ്പിലാക്കി സ്ത്രീസൗഹൃദ, ബാലസൗഹൃദ, ഭിന്നശേഷിസൗഹൃദ പഞ്ചായത്തായി മാറ്റുക എന്നതാണ് ലക്ഷ്യം.

3. വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും

പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം, പി.എസ്.സി. പരിശീലന ക്ലാസുകൾ എന്നിവ സംഘടിപ്പിച്ച് വിദ്യാഭ്യാസ പുരോഗതിക്കും തൊഴിൽ സാധ്യതകൾക്കും പിന്തുണ നൽകും. പഴയകാല പുരോഗമന കലകളെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിന് കലാപരിപാടികൾക്കും പരിശീലന ക്യാമ്പുകൾക്കും പ്രോത്സാഹനം നൽകും.

4. ശുചിത്വവും പരിസ്ഥിതി സംരക്ഷണവും

മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനായി “നമ്മുടെ പാണ്ടിക്കാട് സുന്ദരം” പദ്ധതി നടപ്പിലാക്കും. ശുചിത്വ പ്രവർത്തനങ്ങൾ, ഹരിത പ്രവർത്തനങ്ങൾ, പൊതുസ്ഥല ശുചീകരണം, പ്ലാസ്റ്റിക് മുക്ത പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും.

5. അടിസ്ഥാന സൗകര്യ വികസനം

പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം നടപ്പിലാക്കും. തെരുവുവിളക്കുകളുടെ നവീകരണവും തുടർപരിപാലനവും ഉറപ്പാക്കും. റോഡ്-ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വ്യവസായ എസ്റ്റേറ്റുകളുടെ നവീകരണം നടത്തുകയും ചെയ്യും. സ്കൂൾ, അങ്കണവാടി കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകും.

6. പദ്ധതി ലക്ഷ്യം

ജനപങ്കാളിത്തം ഉറപ്പാക്കി സമഗ്ര വികസനത്തിലൂടെ ജീവിത നിലവാരം ഉയർത്തുകയും സാമൂഹിക നീതിയും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കുകയും ചെയ്യുന്ന ജനസൗഹൃദ പഞ്ചായത്തായി പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്യെ മാറ്റുക എന്നതാണ് ഈ വാർഷിക പദ്ധതിയുടെ പ്രധാന ലക്ഷ്യം.