ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
ക്രിസ്തുവര്‍ഷം ഏഴും എട്ടും നൂറ്റാണ്ടുകളില്‍ കേരളത്തിലേക്ക് കുടിയേറിയ ആര്യവംശജരായ ബ്രാഹ്മണരാണ് ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചത്. എ.ഡി 600 വരെ, ഇവിടെ ബ്രാഹ്മണരോ, ബ്രഹ്മസ്വം-ദേവസ്വം സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ലെന്നും, “അധ:കൃതര്‍” എന്നും “പട്ടികജാതിക്കാര്‍” എന്നും വിളിക്കപ്പെടുന്ന കേരളത്തിലെ ആദിമനിവാസികളായ, കീഴാള അടിസ്ഥാനവര്‍ഗ്ഗത്തിന്റേതായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കള്‍ മുഴുവനുമെന്ന് ചരിത്രസൂചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. നാടുവാഴികള്‍, കോവിലകങ്ങളിലും കൊട്ടാരങ്ങളിലും, ബ്രാഹ്മണര്‍ ഇല്ലങ്ങളിലും മനകളിലുമാണ് താമസിച്ചിരുന്നത്. 1700-കളുടെ ഉത്തരാര്‍ദ്ധം മുതല്‍ ഒറ്റപ്പെട്ട ഒട്ടേറെ കര്‍ഷകകലാപങ്ങള്‍ മലബാറില്‍ അരങ്ങേറിയിട്ടുണ്ട്. 1790-കളില്‍ ഒളിപ്പോര്‍ വിദഗ്ദ്ധരായിരുന്ന എളംപുളശ്ശേരി ഉണ്ണിമൂസയുടെ നേതൃത്വത്തില്‍ നടന്ന നികുതിനിഷേധ പ്രക്ഷോഭം കര്‍ഷകസമര ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു. നേരിട്ടുള്ള യുദ്ധത്തിലൂടെ മാപ്പിള കര്‍ഷക കലാപകാരികളെ കീഴ്പ്പെടുത്താനാവില്ലെന്ന് ബോദ്ധ്യപ്പെട്ട വെള്ളക്കാര്‍ കരിനിയമങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി അവരെ അടിച്ചമര്‍ത്താന്‍ തുടങ്ങി. “മാപ്പിള ആക്ട്” എന്ന കിരാതനിയമം പ്രയോഗത്തില്‍ വരുത്തി. 1920-കളോടെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഇവിടെ ആവേശകരമായി ഉയര്‍ത്തെഴുന്നല്‍ക്കാന്‍ തുടങ്ങി. 1920 ഡിസംബറില്‍ നാഗ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തോടെ നാടുനീളെ കോണ്‍ഗ്രസ് കമ്മിറ്റികളും ഖിലാഫത്തു കമ്മറ്റികളും സംഘടിപ്പിക്കപ്പെട്ടു. മഞ്ചേരിയില്‍ വിപുലമായ രീതിയില്‍ കോണ്‍ഗ്രസ് കോണ്‍ഫെറന്‍സ് നടന്നു. എ.പി.നാരായണമേനോന്റെയും കട്ടിളശ്ശേരി മുസ്ളിയാരുടെയും നേതൃത്വത്തില്‍ പാണ്ടിക്കാട് ഖിലാഫത്ത് കമ്മിറ്റി രൂപികരിച്ചു. 1921 ആഗസ്റ്റ് 26-ന് 3000-ത്തോളം മാപ്പിള യോദ്ധാക്കളും, ക്യാപ്റ്റന്‍ മക്കന്റായിയുടെ നേതൃത്വത്തിലുള്ള വെള്ളപട്ടാളവും പൂക്കോട്ടൂരില്‍ വച്ച് ഘോരമായ യുദ്ധം നടന്നു. ആഗസ്റ്റ് 31-ന് തിരൂരങ്ങാടിയില്‍ രണ്ടാമത്തെ യുദ്ധം നടന്നു. മലബാര്‍ കലാപത്തിന്റെ അധിനായകരില്‍ പ്രധാനിയും പാണ്ടിക്കാടിന് അടുത്ത് വള്ളുവങ്ങാട് സ്വദേശിയുമായ പാലത്തുമൂലയില്‍ ഇല്ലിക്കുന്നന്‍ ആലി മുസലിയാര്‍ പിടിക്കപ്പെട്ടത് ഈ യുദ്ധത്തിലാണ്. 1922 ഫെബ്രുവരി 17-ന് കോയമ്പത്തൂര്‍ ജയിലില്‍ വെച്ച് ആലി മുസലിയാരെ തൂക്കിലേറ്റി. മലബാറിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ലഹള പടര്‍ന്നുപിടിച്ചു. മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് വഴി കരുവാരകുണ്ടിലേക്ക് സര്‍വ്വസന്നാഹങ്ങളുമായി പട്ടാളം മാര്‍ച്ച് നടത്തി. ഇന്ത്യയുടെ വിമോചന പോരാട്ടത്തില്‍ സമാനതകളില്ലാത്ത വിധം സാഹസികവും ഉജ്ജ്വലവുമായ അധ്യായമായിരുന്നു പാണ്ടിക്കാട് യുദ്ധം. 1921 നവംബര്‍ 18-ന് രാത്രിയില്‍ കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശേരി തങ്ങള്‍, പയ്യനാടന്‍ മോയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ 2000-ത്തോളം മാപ്പിള യോദ്ധാക്കള്‍ പാണ്ടിക്കാട് പോലീസ് സ്റ്റേഷനു സമീപമുള്ള ചന്തപ്പുര വളഞ്ഞു. എല്ലാവിധ ആയുധസന്നാഹങ്ങളുമായി ലഹളക്കാരെ നേരിടാനെത്തിയ ഗൂര്‍ഖപട്ടാളം ചന്തപ്പുരയിലാണ് തമ്പടിച്ചിരുന്നത്. “കുക്രി” എന്നാരു പ്രത്യേകതരം വാളുപയോഗിച്ച് യുദ്ധം ചെയ്യുന്ന ഗൂര്‍ഖകളെ നേരിട്ട് എതിര്‍ത്തു തോല്‍പിക്കുവാന്‍ അക്കാലത്ത് ഒരു ശക്തിക്കും സാധ്യമല്ലായിരുന്നു. മതില്‍ തകര്‍ത്ത് യോദ്ധാക്കള്‍ അകത്തു കടന്നു. രണ്ടു മണിക്കുറിലേറെ നീണ്ടുനിന്ന ഘോരമായ യുദ്ധം നടന്നു. പാണ്ടിക്കാട് യുദ്ധത്തിനു ശേഷം കുഞ്ഞഹമ്മദ് ഹാജിയും സംഘവും പോലീസ് സേനാവിഭാഗത്തിന്റെ പന്തല്ലൂര്‍ ക്ളബ്ബ്, പോലീസ് സ്റ്റേഷന്‍, പോസ്റ്റോഫീസ്, സര്‍വ്വെ ആഫീസ് എന്നിവ ആക്രമിച്ചു. മൂന്ന് പോലീസുകാരെ കൊലപ്പെടുത്തി. 1922 ജനുവരി 6-ന് കാളികാവില്‍ വെച്ച് കുഞ്ഞമ്മദ് ഹാജി പിടിക്കപ്പെട്ടു. ജനുവരി 20-ന് കുഞ്ഞഹമ്മദ് ഹാജിയെയും ചെമ്പ്രശേരി തങ്ങളേയും മലപ്പുറത്ത് കോട്ടകുന്നിന്റെ വടക്കേ ചെരിവില്‍ വച്ച് ബ്രിട്ടീഷുകാര്‍ വെടിവച്ചുകൊന്നു. 1934-ല്‍ പാണ്ടിക്കാട്ട്, കൊളപ്പറമ്പ് എന്ന പ്രദേശത്ത് ഒരു എം.എസ്.പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടു. ഏറിയാട് മന വകയും, പട്ടിക്കാട്ടുതൊടി പണിക്കര്‍മാര്‍ വകയുമായുള്ള നൂറോളം ഏക്കര്‍ സ്ഥലത്തായിരുന്നു ക്യാമ്പു സ്ഥാപിച്ചത്. പാണ്ടിക്കാട് പഞ്ചായത്തിന്റെ ആദ്യകാല ആസ്ഥാനം കൊളപ്പറമ്പായിരുന്നു. ആദ്യത്തെ പോസ്റ്റാഫീസും വായനശാലയും സ്ഥാപിക്കപ്പെട്ടതും ഇവിടെയാണ്. 1939-ല്‍ പാസാക്കിയ “മലബാര്‍ കുടിയാന്‍ നിയമ”വും തുടര്‍ന്നു വന്ന ഭേദഗതികളും കുടിയാന്മാര്‍ക്ക് ഭൂമിയുടെ മേല്‍ പൂര്‍ണ്ണമായ കൈവശസ്ഥിരത ലഭിക്കാന്‍ പര്യാപ്തമായിരുന്നില്ല.
സാംസ്കാരികചരിത്രം
രാജ്യഭരണം, നാടുവാഴിത്തം, ജന്മിത്വം, സാമ്രാജ്യത്വം തുടങ്ങിയ അധികാരവാഴ്ചയുടെ വ്യത്യസ്തങ്ങളായ ചരിത്രഘട്ടങ്ങളിലൂടെ, അധ്വാനത്തിന്റെ കൂട്ടായ്മയിലൂടെ, സമരോത്സുകമായ മുന്നേറ്റങ്ങളിലൂടെ കടന്നുപോന്ന ഒരു ജനതയുടെ പിന്‍മുറക്കാര്‍ എന്ന നിലയ്ക്ക് പാണ്ടിക്കാടിന് സമ്പന്നമായൊരു സാംസ്കാരികപൈതൃകമുണ്ട്. വ്യത്യസ്ത ജാതിമത വിഭാഗങ്ങളില്‍ പെട്ടവരായിരിക്കുമ്പോള്‍ തന്നെ, ഭിന്നമായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പുലര്‍ത്തുന്ന, ഇവിടുത്തെ ജനവിഭാഗങ്ങള്‍ തമ്മില്‍ പരസ്പരധാരണയുടേയും സഹിഷ്ണുതയുടേയും സര്‍വ്വോപരി സാഹോദര്യത്തിന്റെയും മഹത്തായൊരു സാമൂഹ്യബന്ധം ഇവിടെ നിലനില്‍ക്കുന്നുണ്ട്. കലാരൂപങ്ങളുടെയും നാടന്‍ പാട്ടുകളുടെയും ഒരു നിധി ശേഖരം തന്നെ ഈ ഗ്രാമത്തിന് പൈതൃകമായികിട്ടിയിട്ടുണ്ട്. ആരാന്റെ പണിപ്പാടങ്ങളില്‍ ഏഴകളായി ഒടുങ്ങിത്തീരുന്ന ജന്മത്തിന്റെ നോവുകളും രോഷവും പകയും ചേര്‍ന്ന അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കലാരൂപങ്ങളെല്ലാം ഇന്ന് അന്യംനിന്നുപോകുന്ന നിലയിലാണ്. നന്മയുടേയോ, ഏതെങ്കിലും മൂല്യത്തിന്റേയോ യാതൊരു കണികയും രക്തത്തില്‍ പോലുമില്ലാതിരുന്ന തമ്പുരാക്കളെന്ന അധ്വാനിക്കാതെ ഉണ്ടിരുന്ന വര്‍ഗ്ഗത്തിന്റെ പടിപ്പുരകള്‍ക്ക് പുറത്തും കളിമുറ്റങ്ങളിലും ഈ മണ്ണിന്റെ മക്കള്‍ ഒരുകാലത്ത് ഇങ്ങനെ ഉറഞ്ഞു പാടിയിരുന്നു. “കൊയ്യാനും മാണം ഞങ്ങള്…, മെതിച്ചാനും മാണം ഞങ്ങള്….., നെല്ലൊക്കെ അവുത്തായ……, ഞങ്ങളെ കണ്ടൂടോ………”. പഞ്ചായത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങള്‍ക്കും സ്വന്തമായ കലാരൂപങ്ങളും അനുഷ്ഠാനമാധ്യമങ്ങളും ഉണ്ടായിരുന്നു. തുയിലുണര്‍ത്തുപാട്ട്, കൈകൊട്ടികളിപാട്ട്, ചെറുമപാട്ട്, കല്ല്യാണപാട്ട്, ശീവോതിപാട്ട്, പുള്ളുവന്‍ പാട്ട്, തിരുവാതിരപാട്ട് തുടങ്ങിയ പാട്ടുരൂപങ്ങളും ചെറുമക്കളി, പറയന്‍കാള, കോല്‍ക്കളി തുടങ്ങിയ നാട്ടുരൂപങ്ങളും ഗ്രാമീണ ജീവിതത്തിനു സാംസ്കാരികവെളിച്ചം നല്‍കി അടുത്ത കാലം വരെ സജീവമായി നിലനിന്നിരുന്നു. മാപ്പിളമാര്‍ക്കിടയില്‍ വാമൊഴി രൂപത്തില്‍ പ്രചരിച്ചുപോന്ന മാപ്പിളപാട്ടുകള്‍ പുതിയകാലത്ത് പുതിയ രൂപഭാവങ്ങളോടെ നിലനില്‍ക്കുന്നുണ്ട്. മാരനാട്ട് ഗണപതി ക്ഷേത്രം ഏറെ പുരാതനവും കേരളീയ വാസ്തുശില്പ വിദ്യയുടെ ഉത്തമദൃഷ്ടാന്തവുമാണ്. മാരനാട്ട് ഗണപതി ക്ഷേത്രത്തില്‍ വിഘ്നേശ്വരന് നിവേദിക്കപ്പെടുന്ന അപ്പം ഏറെ പ്രസിദ്ധമാണ്. പാണ്ടിക്കാടിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന കരിങ്കാളികാവ് കാളീക്ഷേത്രത്തിലെ ആണ്ടോടാണ്ട് നടത്തിവരുന്ന ഉത്സവം ദേശവാസികള്‍ ജാതിമതഭേദമെന്യേ ആഘോഷിക്കുന്നു. 400-ലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഒടോമ്പറ്റ ജുമാഅത്ത് പള്ളി, കിഴക്കെ പാണ്ടിക്കാട് പള്ളി, കാരായ ജുമാഅത്ത് പള്ളി, വെള്ളുവങ്ങാട് പള്ളി, പാണ്ടിക്കാട് ജുമാഅത്ത് പള്ളി എന്നിവയൊക്കെ പാണ്ടിക്കാട് പഞ്ചായത്തിലെ പുരാതനമായ മുസ്ളീം ദേവാലയങ്ങളാണ്. കിഴക്കേ പാണ്ടിക്കാട് പള്ളിയിലും, ഒറവംപുറം പള്ളിയിലും മുന്‍കാലങ്ങളില്‍ കൊണ്ടാടപ്പെട്ടിരുന്ന ആണ്ടുനേര്‍ച്ചകള്‍ ജാതിമതഭേദമെന്യേ ജനങ്ങള്‍ പങ്കുകൊണ്ടിരുന്ന ഉത്സവാഘോഷങ്ങളാണ്. ലോകപ്രശസ്ത നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ ഒ.വി.വിജയന്‍ ബാല്യകാലം ചെലവഴിച്ചത്, പാണ്ടിക്കാട് ഗ്രാമത്തിലാണ്. പാണ്ടിക്കാട് മലബാര്‍ സ്പെഷ്യല്‍ പോലീസ് ക്യാമ്പ് ആസ്ഥാനത്ത് ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പം കുട്ടിക്കാലത്ത് അദ്ദേഹം ഇവിടെയായിരുന്നു. “ഖസാക്കിന്റെ ഇതിഹാസ”കാരന്‍ “അപ്പുക്കിളി” എന്ന കഥാപാത്രത്തിന്റെ സ്വത്വം വേര്‍തിരിച്ചെടുത്തത് പാണ്ടിക്കാടിന്റെ മണ്ണില്‍ നിന്നായിരുന്നുവെന്ന് “ഇതിഹാസത്തിന്റെ ഇതിഹാസം” എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. കായികരംഗത്ത് 25-ലധികം സ്പോര്‍ട്സ് ക്ളബ്ബുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.